11:43am 13 November 2026
NEWS
ജനകീയ ആരോഗ്യ ക്ഷേമ കേന്ദ്രം ഗ്രാമ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു
04/01/2026  09:14 PM IST
nila
ജനകീയ ആരോഗ്യ ക്ഷേമ കേന്ദ്രം ഗ്രാമ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു

ചെങ്ങന്നൂർ: -തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ ഉണ്യാ പള്ളത്ത് പ്രവർത്തിച്ചു വന്നിരുന്ന ജനകീയ ആരോഗ്യ ക്ഷേമ കേന്ദ്രം ഗ്രാമ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. ആരോഗ്യ ക്ഷേമ കേന്ദ്രം
ഉപയോഗ യോഗ്യമാക്കി പൊതുജനങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞ ദിവസം നാട്ടുകാർ പരാതി നൽകിയിരുന്നു .ഇതേത്തുടർന്നാണ് വാർഡംഗവും പഞ്ചായത്ത് പ്രസിഡൻ്റുമായ സ്മിതാ രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത്. 
നിലവിൽ പഴയ കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലത്തുള്ള താല്ക്കാലിക കെട്ടിടത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കി  സബ് സെൻ്റർ മാറ്റി സ്ഥാപിച്ച് പ്രവർത്തനം തുടങ്ങുന്നതിന് പഞ്ചായത്ത് കമ്മറ്റിയുടെ അനുമതി തേടുമെന്നും. ഇത് പ്രധാന അജണ്ടയായി കമ്മറ്റിയിൽ അവതരിപ്പിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു. 
പഞ്ചായത്തംഗം എംകെ ലിനു , സെക്രട്ടറി എസ്.വീണ ,അസി: സെക്രട്ടറി എസ് .രാജേഷ് ,കൺവീനർ മുരളീധരൻ ഹരിശ്രീ എന്നിവർ പങ്കെടുത്തു.
ആറ് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഈ സ്ഥാപനം ഗ്രാമ പഞ്ചായത്തിൻ്റെ മൂന്ന്, നാല് ,അഞ്ച് ,ആറ്, 13 എന്നീ വാർഡുകളിലെ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.
പ്രളയ ശേഷം സബ് സെൻ്ററിൽ ലക്ഷങ്ങളുടെ നിർമ്മാണ പ്രവർത്തനമാണ് നടത്തിയിരിക്കുന്നത്.പഴയ ഭിത്തി നില നിർത്തിക്കൊണ്ട് മേൽക്കൂരയിലെ അപാകതകൾ മാറ്റി, ഓടു മാറി തകിട് ഷീറ്റ് ഉപയോഗിച്ച് സീലിംഗും ചെയ്ത് തറയിൽ ടൈലും പാകി .മുറ്റത്തേക്ക് 20 അടി നീളത്തിൽ ഷീറ്റും ഇറക്കിയിട്ടുണ്ട്. എന്നാൽ
തുടർ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

2018-ലെ പ്രളയത്തിനു മുൻപ് വരെ ആഴ്ച്ചയിൽ ഒരുദിവസം ഡോക്ടർ എത്തുകയും പരിശോധനയും മരുന്നും നൽകിയിരുന്നു. പ്രളയ ശേഷം പ്രവർത്തനം നിലച്ചു. അതോടെ ആരോഗ്യ കേന്ദ്രം പൂട്ടിയ നിലയിലായി.
ഏകദേശം നാൽപ്പത് സെൻ്റ് സ്ഥലത്തോളമുള്ള ആരോഗ്യ കേന്ദ്രം  .അടച്ചുറപ്പില്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവുമുണ്ട്.
അതേ സമയം ജില്ലാ ആരോഗ്യ വകുപ്പിൽ നിന്നും ലഭിച്ച വിവര പ്രകാരം 'സബ് സെൻ്റർ നിർത്തലാക്കിയിട്ടില്ല എന്നാണ്. 
ഡോക്ടറും നഴ്സും മറ്റു ജീവനക്കാരുമടങ്ങുന്ന സജീവമായ ആരോഗ്യ കേന്ദ്രമായിരുന്നു ഇവിടം ഇപ്പോൾ ഈ ആവശ്യങ്ങൾക്കായി മൂന്ന് കി.മീറ്റർ ദൂരം താണ്ടി ഇരമല്ലിക്കരയിലെ പിഎച്ച് സെൻ്ററിലാണ് പോവുക.
ഹെൽത്ത് സെൻ്ററിൻ്റെ അധീനതയിലുള്ള സ്ഥലത്ത്  
എം സി എഫ് 
(മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി) കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ഇത് കൃത്യമായി പരിപാലിക്കാത്തതിനാൽ സമീപവാസികൾ വളരെ അധികം  ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അടിയന്തിരമായി എം സി എഫ് ജനവാസമേഘലയിൽ നിന്നും മാറ്റി സ്ഥാപിച്ചുകൊണ്ട് ഈ സ്ഥലം ഹെൽത്ത് സെൻ്ററിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണ മെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img